പട്ന: ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം 34 പേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറിന് പ്രമുഖരുമായി ബന്ധം. ഇയാളില്‍ നിന്ന് 40 പേരുടെ ഫോണ്‍ നമ്പറുകള്‍ പിടിച്ചെടുത്തു.
മുസഫപുര് സെന്‍ട്രല്‍ ജയിലില്‍ ബ്രജേഷിനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് എഴുതി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയത്. ഒരു മന്ത്രിയടക്കം നിരവധി പ്രമുഖരുടെ നമ്പരുകളാണ് ലിസ്റ്റില്‍ ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജയിലില്‍ മറ്റു തടവുകാരില്‍ നിന്ന് വ്യത്യസ്തമായി സൗകര്യങ്ങളാണ് നല്‍കിയിരിക്കുന്നത് എന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത രേഖകള്‍ സിബിഐക്ക് കൈമാറി. ജയിലിലെ ലാന്‍ഡ് ഫോണോ ജയില്‍ ജീവനക്കാരുടെ മൊബൈലോ ആണ് ഠാക്കൂര്‍ വിളിക്കാനായി ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്.