ചെന്നൈ: തമിഴ് നടന് വിക്രമിന്റെ മകന് ധ്രുവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ തേനാംപേട്ടിലാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ധ്രുവ് തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഓട്ടോയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കാല് ഒടിഞ്ഞതായും സൂചനയുണ്ട്. ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മിഷണറുടെ വസതിക്ക് സമീപമായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം വരുകയായിരുന്ന ധ്രുവിന്റെ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷകളുടെ മേല്‍ ഇടിക്കുകയായിരുന്നു. ധ്രുവിനെ കൂടാതെ മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.
സംവിധായകന് ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. വിജയ് ദേവര്‍ഗോണ്ഡ നായകനായ സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ വര്‍മ ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും.