ബംഗളൂരൂ: പ്രണയ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തു, ലൈവായി വിവാഹം കഴിച്ച് കമിതാക്കളുടെ പ്രതികാരം. കമിതാക്കളുടെ പ്രതികാര വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ബെംഗളൂരിലാണ് സംഭവം. 25കാരനായ കിരണ്‍കുമാറും 19കാരി അര്‍പിതയുമാണ് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവായി വിവാഹം കാണിച്ചാണ് തങ്ങള്‍ ഒരുമിച്ച് ജീവിക്കുമെന്ന് സന്ദേശം നല്‍കിയത്.
എല്ലാവരും വിവാഹത്തിന് ഉണ്ടാകണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അത് സാധ്യമാകാത്തതിനെ തുടര്‍ന്നാണ് വിവാഹം ഫേസ്ബുക്കിലൂടെ കാണിക്കാമെന്ന് തീരുമാനിച്ചതെന്നും ഇവര്‍ അറിയിച്ചു. കിരണ്‍കുമാര്‍ വ്യവസായിയാണ്. അര്‍പിത രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയും.
വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ അനുകൂലിച്ചില്ല. ഇതോടെ ഇരുവരും വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇവരെ കാണുന്നില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഏതായാലും ഫേസ്ബുക്ക് ലൈവായി വിവാഹം കാണിച്ചതോടെ പോലീസ് കേസ് തീര്‍പ്പാക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ സ്ഥിതിക്ക് വിവാഹം തടയാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു.