ഭോപ്പാല്‍: പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉമരിയയിലെ ചാര്പോഡ് ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ റാം സാഹില്‍ പാല് എന്ന യുവാവാണ് മരിച്ചത്. റോഡില്‍ നിന്ന് കിട്ടിയ പവര്‍ബാങ്ക് മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
യുവാവിന്റെ മരണം നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് ഉപയോഗിച്ചത് മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പവര്‍ബാങ്ക് തന്നെയാണോയെന്ന് ഉറപ്പ് വരുത്തുന്നതേയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതാണെന്ന് പ്രദേശവാസികളാണ് പറഞ്ഞത്. റാം തന്റെ കൃഷിയിടത്തേയ്ക്ക് പോകുന്ന സമയത്താണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്. വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ മൊബൈലില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റെന്തെങ്കിലും സ്ഫോടക വസ്തുവാണോ എന്നറിയാല്‍ ഫൊറെന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.