ന്യൂഡല്‍ഹി: അലോപ്പതി ചികിത്സയെയും ഡോക്ടര്‍മാരെയും അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ പതജ്ഞലി ഉടമ രാംദേവിനെതിരെ സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗ് ഉയരുകയാണ്. സംഭവം ചൊടിപ്പിച്ചതോടെ നെറ്റിസണ്‍മാരെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാംദേവ്.
‘എന്തായാലും, നിങ്ങളുടെ പിതാവിന് പോലും രാദേവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല’ എന്നായിരുന്നു രാംദേവിന്റെ പ്രതികരണം. സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാംദേവിന്റെ വെല്ലുവിളിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
അലോപ്പതി ചികിത്സയെയും ഡോക്ടര്‍മാരെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളുമായി പതജ്ഞലി ഉടമ രാംദേവ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാംദേവും തമ്മില്‍ വാക് യുദ്ധവും ആരംഭിച്ചു. ഇതിനുപിന്നാലെ രാദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഐം.എ.എ നോട്ടീസ് അയക്കുകയും ചെയ്തു.
ഐ.എം.എയും രാംദേവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ ‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്ഡിങ്ങിലെത്തുകയായിരുന്നു. ഇതിനെതിരെയാണ് നിങ്ങളുടെ പിതാവിന് പോലും രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന രാംദേവിന്റെ പ്രതികരണം.