ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് കരയിലേക്ക് അടുത്തു. നിലവിലെ പ്രവചനം അനുസരിച്ച് ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയില്‍ കരയിലേക്ക് പ്രവേശിച്ച് തുടങ്ങും. ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണ്ണമായി കരയിലേക്ക് കടക്കും.
ചുഴലിക്കാറ്റ് കര തൊടുന്നത് ഒഡിഷ തീരത്ത് ദമ്ര പോര്‍ട്ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര – ബാലസോര്‍ സമീപത്തു കൂടിയാണ്. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ പരമാവധി 130 മുതല്‍140 കിലോമീറ്റര്‍ ആവും കാറ്റിന്റെ വേഗം.
യാസിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഫലമായി ബീഹാര്‍, ഝാര്‍ഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ നാസ് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. രണ്ട് പേര് മിന്നലേറ്റ് മരിച്ചു. കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ത കേന്ദ്രം അറിയിച്ചു.