ലഖ്നൗ: പ്രായമുള്ള മാതാപിതാക്കള്‍ പട്ടിണിയാവാതിരിക്കാന്‍ പച്ചക്കറി വില്‍ക്കാനിറങ്ങിയ 20കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന് യുപി പോലീസ്. മേയ് 21 ന് ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഫൈസല്‍ ഹുസൈനെന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വീടിനടുത്തുള്ള ചെറിയ മാര്‍ക്കറ്റില്‍ ഒരു ചാക്കിലെത്തിച്ച പച്ചക്കറി വില്‍ക്കുകയായിരുന്നു ഫൈസല്‍ ഹുസൈന്. അവിടെയെത്തിയ പൊലീസ് ലോക്ഡൗണ്‍ നിയന്ത്രണം തെറ്റിച്ചുവെന്ന് പറഞ്ഞാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നത്. അപ്പോള്‍ സമയം ഉച്ചക്ക് രണ്ടു മണിയാണ്.
പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ഫൈസല്‍ അപ്പോള്‍ കച്ചവടം തുടങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ക്കറ്റിലെത്തിയ പൊലീസ് ഫൈസലിനോട് പേരു ചോദിച്ചുവെന്നും പേരു പറഞ്ഞയുടനെ അവനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഫൈസലിന്റെ ബന്ധു നൊമാന്‍ ഹുസൈന് പറഞ്ഞു.
അവിടെ നിന്ന് പൊലീസ് കൊണ്ടു പോയ ഫൈസലിന്റെ മൃതദേഹമാണ് അടുത്ത ദിവസം രാവിലെ 5 ന് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ഫൈസലിന്റെ മരണത്തോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ്.