ചെന്നൈ: ചെന്നൈയിലെ ഓട്ടോഡ്രൈവറായ അണ്ണാദുരൈയും അദ്ദേഹത്തിന്റെ ഓട്ടോയും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. രാജ്യത്തെ ഏറ്റവും ഹൈ ടെക്കായ ഓട്ടോയാണ് അണ്ണാദുരൈയുടേത്. ഒരു ഓട്ടോവില്‍ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത സൗജന്യ വൈഫൈ, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, മാഗസിനുകള്‍, പത്രങ്ങള്‍, ടിവി എന്തിനേറെ ഒരു സാംസങ് ഗാലക്സി ടാബ്ലെറ്റ് പോലും അദ്ദേഹം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അതുപോലെ രാജ്യത്ത് ആദ്യമായി ഒരു വെബ്സൈറ്റ് സ്വന്തമായുള്ള ഓട്ടോക്കാരനും അദ്ദേഹം തന്നെയായിരിക്കും. ഇത്രയേറെ ആധുനിക സൗകര്യങ്ങള്‍ ഓട്ടോയില്‍ ഒരുക്കുമ്പോഴും യാത്രക്കാരില്‍ നിന്നും അധിക തുകയൊന്നും അണ്ണാദുരൈ വാങ്ങാറില്ല.
യാത്രക്കാരില്‍ നിന്ന് ദൂരത്തെ അടിസ്ഥാനപ്പെടുത്തി വെറും 10 മുതല്‍ 25 രൂപയാണ് ഈടാക്കുന്നത്. അദ്ദേഹത്തിന്റെ ഈ വ്യത്യസ്തമായ കഥ ഒരിക്കല്‍ ഫേസ്ബുക്കില്‍ വൈറലായി. പതിനായിരത്തോളം ഷെയറുകളും, 20,000 ലൈക്കുകളും ലഭിച്ചു.
അന്ന് രാത്രി അദ്ദേഹത്തിന് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. തമിഴ് മാത്രം സംസാരിക്കാന്‍ അറിയാവുന്ന അദ്ദേഹത്തെ തേടി ലോകത്തിന്റെ നാനാ ഭാഗത്തുനിന്ന് വിളികള്‍ വന്നു. ഇത് അദ്ദേഹത്തെ കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ആളുകള്‍ക്ക് ഒരുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു.
‘എന്റെ ഓട്ടോയില്‍ കയറുന്ന ഓരോ അതിഥിയും എനിക്ക് ദൈവമാണ്. അവര്‍ നല്കുന്ന പണം കൊണ്ടാണ് ഞാന്‍ ആഹാരം കഴിക്കുന്നത്. അവര്‍ക്ക് കഴിയും രീതിയില്‍ എല്ലാ സുഖസൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’- അണ്ണാദുരൈ പറയുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ നല്ല മനസ്സിന് കാലം പ്രതിഫലം നല്കി. പ്രതിദിനം 900 മുതല്‍ 1,000 രൂപ വരെ സമ്പാദിച്ചിരുന്നു അദ്ദേഹത്തിന് പ്രതിദിനം 4,500 മുതല്‍ 5,500 രൂപ വരെ ലഭിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ധാരാളം സ്കൂളുകള്‍, കോളേജുകള്‍ അദ്ദേഹത്തെ പരിപാടികളില്‍ സംസാരിക്കാനായി ക്ഷണിക്കുന്നു. അത്തരം അവസരങ്ങളില്‍ അദ്ദേഹത്തിന്റെ അമ്മ സന്തോഷം കൊണ്ട് കരയും. മകന്റെ ഉയര്‍ച്ച കണ്ട് അച്ഛന് അഭിമാനം കൊള്ളും.