ന്യൂഡല്‍ഹി: പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ബിബിസി മാതൃകയില്‍ ചാനല്‍ ആരംഭിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. കോവിഡ്, പൗരത്വ നിയമം പോലെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനം പതിവായിരുന്നു. ഇതോടെയാണ് സ്വന്തം വീക്ഷണങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ബിബിസി മാതൃകയില്‍ ചാനല്‍ ആരംഭിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
രാജ്യാന്തര വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് എന്തെന്നും ആഭ്യന്തര വിഷയങ്ങള്‍ ഇന്ത്യയുടെ കണ്ണിലൂടെ ലോകത്തെ അറിയിക്കാനുമാണ് ലക്ഷ്യം.വിവിധ വിഷയങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്ന റിപ്പോര്‍ട്ടിങ് രാജ്യാന്തര മാധ്യമങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം കേന്ദ്രസര്‍ക്കാര്‍ പതിവായി നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
രാജ്യാന്തരതലത്തിലുള്ള ചാനല്‍ ആരംഭിക്കുകയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ ബ്യൂറോകള്‍ തുറക്കാനാണ് പദ്ധതി. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ചാനല്‍ തുടങ്ങുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റ് സഹായം തേടിയിരിക്കുകയാണ് പ്രസാര്‍ ഭാരതി. ഇതിനായി ടെന്‍ഡര്‍ വിജ്ഞാപനം തയ്യാറായി.
രാജ്യാന്തരതലത്തില്‍ ചാനല്‍ തുടങ്ങണമെന്ന നിര്‍ദേശം പത്ത് വര്‍ഷത്തില്‍ ഏറെയായി പരിഗണനയില്‍ ഉണ്ടെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ പറഞ്ഞു. രാജ്യാന്തര പ്രേക്ഷകരോട് ഇന്ത്യയുടെ കഥ ഇന്ത്യക്കാരുടെ ശബ്ദത്തില്‍ പറയുകയാണ് ചാനലിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിഡി ഇന്ത്യ ഉള്ളടക്കം മെച്ചപ്പെടുത്തി ആഗോളവാര്ത്താസര്വീസ് തുടങ്ങുന്നതിനും പ്രസാര്‍ഭാരതി പദ്ധതിയിടുന്നു. പദ്ധതി തുടങ്ങാന്‍ 2021 മാര്‍ച്ചില്‍ അംഗീകാരം നല്‍കിയതായി പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പതി പറഞ്ഞു.