ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസിനെ (മ്യുക്കോര്‍മൈക്കോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. മ്യുക്കോര്‍മൈക്കോസിസ് രോഗത്തിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇതോടെ ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും.
എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും മ്യൂക്കോര്‍മൈക്കോസിസിന്റെ പരിശോധനയും മറ്റുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങള്‍ ഇതിനോടകം ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഒരാഴ്ചക്കിടെ 200ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 90 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മൂന്ന് ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ഇതുവരെ ഒരു ബ്ലാക്ക് ഫംഗസ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.