മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 90 പേര് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പ് അറിയിച്ചു.
രോഗികളുടെ എണ്ണവും ഉയരുന്നുണ്ട്. ഒരാഴ്ചക്കിടെ മഹാരാഷ്ട്രയില്‍ 200 ലധികം പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിന് അടിയന്തരമായി മരുന്ന് ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.അടിയന്തരമായി 1.90 ലക്ഷം ഇഞ്ചക്ഷനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 16000 ഇഞ്ചക്ഷന് മാത്രമാണ് ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറയുന്നു.
നിലവില്‍ സംസ്ഥാനത്ത് 800 ഓളം പേര് ഫംഗസ് ബാധയേറ്റ് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലും കഴിഞ്ഞ ദിവസം രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം, കോട്ടയം കൊല്ലം ജില്ലകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. . മലപ്പുറത്ത് 62 കാരന്റെ കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്രവ്യാപനം നേരിടുന്നതിനിടയിലാണ് ബ്ലാക്ക് ഫംഗസ് ബാധ പടരുന്നത്.