മധ്യപ്രദേശ്: മധ്യപ്രദേശ് ആശുപത്രിയില്‍ ചോരക്കുഞ്ഞിന്റെ കാല്‍വിരല്‍ എലി കടിച്ചെടുത്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പത്തൊമ്പത് ദിവസം പ്രായമായ കുഞ്ഞിന്റെ കാല്‍പാദമാണ് എലി കടിച്ച് വേര്‍പ്പെടുത്തിയത്.
പ്രിയങ്ക – കിഷന് ദൈമ ദമ്പതികളുടെ കുട്ടിക്കാണ് അപകടം പറ്റിയത്. പുലര്‍ച്ചെ മൂന്നിന് പാല് കൊടുക്കാനായി അമ്മ എത്തിയപ്പോഴാണ് കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് കാല്‍വിരല്‍ ഇല്ലെന്ന് കണ്ടതെന്നും കുഞ്ഞിന്റെ പിതാപ് പറയുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് പിതാവ് വ്യക്തമാക്കി. ഭാര്യ ചെന്ന് വിവരം അറിയിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ സംഭവം അറിയുന്നത്. അവരാരും തന്നെ കുഞ്ഞിന്റെ അടുത്തില്ലായിരുന്നെന്നും പിതാവ് ആരോപിച്ചു.
അതേസമയം കുഞ്ഞിന് പറ്റിയ അപകടം ആശുപത്രി അധികൃതര്‍ ആദ്യം നിഷേധിച്ചു. പിന്നീട് പ്രതിഷേധം ഉയര്‍ന്നതോടെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍ഡ് ചെയ്തായും മറ്റു രണ്ടു സ്റ്റാഫുകളെ പിരിച്ചുവിട്ടതായും ആശുപത്രി അറിയിച്ചു.നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.