ലഖ്നൗ: വിവാഹ സദ്യക്കിടെ പ്ലേറ്റിനെ ചൊല്ലി തര്‍ക്കം. വധുവിന്റെ അമ്മാവനെ വരന്റെ ബന്ധു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാര്‍ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാല്‍ത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. ആചാരപ്രകാരം തിലക് എന്ന ചടങ്ങ് നടത്തണം. തിലക് ചടങ്ങില്‍ പങ്കെടുക്കാനായി വധുവിന്റെ പിതാവും ബന്ധുക്കളും തിങ്കളാഴ്ച രാത്രി വരന്റെ വീട്ടിലെത്തി.
ഈ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. ചടങ്ങിന് പിന്നാലെ ഭക്ഷണം കഴിക്കാന്‍ ഇരുന്ന വധുവിന്റെ ബന്ധുക്കളും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തിനിടെ വരന്റെ ബന്ധുവായ ഭാഗവന്ദ്ദാസ് വധുവിന്റെ അമ്മാവനായ മാന്‍ഷറാമിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത മിക്കവരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ മുഖ്യപ്രതിയായ ഭാഗവന്ദ്ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലാന്‍ ഉപയോഗിച്ച ആയുധവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കേസില്‍ മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.