ഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഡല്‍ഹിയെ രൂക്ഷമായി ബാധിച്ചിരുന്നു. നിരവധി പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. മാതാപിതാക്കള്‍ മരിച്ചതോടെ നിരവധി കുട്ടികളാണ് ഡല്‍ഹിയില്‍ അനാഥരായത്. ഇപ്പോള്‍ ഈ കുട്ടികള്‍ക്ക് സഹായമായി എത്തിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍.കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.
കുട്ടികള്‍ക്ക് 25 വയസാകുന്നതുവരെ പ്രതിമാസം 2,500 രൂപ വീതം നല്‍കുമെന്നും കെജ്രിവാള് വ്യക്തമാക്കി. ഇത് കൂടാതെ സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തു കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 2,500 രൂപ പെന്ഷന് നല്‍കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. മരണപ്പെട്ടവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല, എന്നാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എല്ലാവിധ സാമ്പത്തിക പിന്തുണയും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.