ചെന്നൈ: വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമായി മാറിയിരിക്കുകയാണ് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ പേര്. സദ്ഗുരു ജഗ്ഗി വാസുദേവിനുനേരെ തുറന്നടിച്ചുകൊണ്ട് ത്യാഗരാജന് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്.
ജഗ്ഗി വാസുദേവ് കപടവേഷക്കാരന്‍ മാത്രമാണെന്നും കാശുണ്ടാക്കാന്‍ നടക്കുകയാണെന്നും പളനിവേല്‍ ത്യാഗരാജന് തുറന്നടിച്ചു. പ്രശസ്തനാകാനായി പലതും ചെയ്തുകൂട്ടുന്ന ഒരാള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായി ജഗ്ഗി വാസുദേവിന്റെ സംഘടന രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു പളനിവേല്‍ ത്യാഗരാജന്റെ പ്രതികരണം.
ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് കീഴില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് പളനിവേല്‍ ത്യാഗരാജ് ഇക്കാര്യം അറിയിച്ചത്. ‘ആരെങ്കിലുമൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ ബഹളങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.
അവര്‍ക്ക് സമൂഹത്തിന്റെ ഒരു അച്ചടക്കം തകര്‍ക്കണമെന്നാണ് ആഗ്രഹം’. ജഗ്ഗി വാസുദേവിന്റെ ആവശ്യത്തെക്കുറിച്ചുള്ള പളനിവേല്‍ ത്യാഗരാജന്റെ പ്രതികരണം ഇങ്ങനെ. ക്ഷേത്രങ്ങള്‍ ഭക്തന്മാര്ക്ക് വിട്ടുനല്‍കണമെന്ന് പറയുമ്പോള്‍ ഏത് ഭക്തര്‍ക്കാണ് ഞങ്ങള്‍ ക്ഷേത്രങ്ങളും സ്വത്തുക്കളും നല്‍കേണ്ടതെന്നും കൂടി തെളിച്ചുപറയണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്തനാകുന്നതിനും ക്ഷേത്രം നടത്തിപ്പിനുമുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരമേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തമിഴ്നാട്ടിലെ സൂപ്പര്‍സ്റ്റാര്‍ ധനമന്ത്രിയെന്ന് ദേശീയ മാധ്യമങ്ങള്‍ പളനിവേല്‍ ത്യാഗരാജനെ വിശേഷിപ്പിച്ചിരുന്നു.