ബംഗളുരു: രാജ്യത്തെ വാക്സിന് ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടിയാണെന്ന് വിമര്‍ശിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന് പ്രകാശ് രാജ്. പോസ്റ്ററില്‍ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നടന് പ്രകാശ് രാജ് പ്രതിഷേധം രേഖപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്.
‘മോഡിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിന് വിദേശരാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്തു?’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ രണ്ടു ദിവസം മുന്‍പ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ രംഗത്ത് വന്നത്.
ഞാനും ആവര്‍ത്തിക്കുന്നു. ‘മോഡിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിന് വിദേശരാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്തു?’ -വരൂ, എന്നെയും അറസ്റ്റ് ചെയ്യൂവെന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
I REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
— Prakash Raj (@prakashraaj) May 15, 2021