കോലാര്‍: ഒരേ പന്തലില്‍ വെച്ച് സഹോദരിമാരെ വിവാഹം ചെയ്ത് വരന് ഒടുവില്‍ പോലീസ് പിടിയില്‍. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. സഹോദരിമാരില്‍ ഓരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുരുഡുമാലെ ക്ഷേത്രത്തില്‍ വെച്ച് മേയ് ഏഴിനാണ് വിവാഹം നടന്നത്. സംഭവത്തില്‍ വരന് ഉമാപതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു.
എന്നാല്‍ തെന്റ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാല്‍ ലളിതയോടൊപ്പമായിരിക്കും മുഴുവന്‍ സമയവും. അതിനാല്‍ തന്നെ ഇരുവരും തമ്മില്‍ അഗാഡമായ ആത്മബന്ധവുമുണ്ടായിരുന്നു.
ലളിതയുടെ ആവശ്യം വീട്ടില്‍ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നല്കി. മേയ് ഏഴിന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലില്‍ വെച്ച് ഒരുമിച്ച് വിവാഹം കഴിച്ചു. വധുവില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു.
സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. സുപ്രിയയുടെയും ലളിതയുടെയും അമ്മമാരായ റാണിയമ്മയെയും സുബ്ബമ്മയെയും. ഇതില്‍ ഒരാള്‍ക്ക് സംസാര ശേഷിയും ഇല്ലായിരുന്നു.