ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ സ്പുട്നികിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന്റെ നിര്‍മാതാക്കളായ ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു. അഞ്ച് ശതമാനം ജിഎസ്ടി അടക്കമാണ് ഈ വില.
റഷ്യന്‍ നിര്‍മ്മിത വാക്സിനാണ് സ്പുട്നിക്. ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. അടുത്ത ആഴ്ച മുതല്‍ വാക്സിന് ലഭ്യമായിത്തുടങ്ങിയേക്കും. 91.6 ആണ് സ്പുട്നിക് വിയുടെ എഫിഷ്യന്‍സി റേറ്റ്.
കഴിഞ്ഞമാസമാണ് സ്പുട്നിക് അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മെയ് ഒന്നിനാണ് ആദ്യബാച്ച് സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ എത്തിയത്.വരും മാസങ്ങളില്‍ കൂടുതല്‍ വാക്സിന് എത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിതരണത്തിന് സെന്റര്‍ ഡ്രഗ്സ് അതോറിറ്റി അനുമതി നല്‍കിയത്. ഹൈദരബാദിലാണ് ആദ്യഡോസ് വിതരണം ചെയ്തത്.
അതേസമയം ഇന്ത്യയില്‍ ഇതുവരെ കൊവാക്സിനും കൊവിഷീല്‍ഡിനുമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ രണ്ട് വാക്സിനെക്കാള്‍ എഫിഷ്യന്‍സി റേറ്റ് സ്പുട്നിക് വിയ്ക്കുണ്ട്. ലോകത്തെ ഏറ്റവും മികച്ച എഫിഷ്യന്‍സി റേറ്റുള്ള മൂന്ന് വാക്സിനുകളില്‍ ഒന്നാണ് സ്പുട്നിക് വി വാക്സിന്. ഫൈസറും മോഡേണയുമാണ് മറ്റ് രണ്ട് വാക്സിനുകള്‍. ദ്രവ്യരൂപത്തിലും ചൂര്ണരൂപത്തിലും സ്പുട്നിക് വാക്സിന് ലഭ്യമാകും.