ദെഹ്റാദൂണ്‍: കൊറോണ വൈറസും ജീവിക്കാന്‍ അവകാശമുള്ള ജീവിയാണെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.വ്യാഴാഴ്ച ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവേയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.
ദാര്‍ശനികമായി ചിന്തിക്കുമ്പോള്‍ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മള് മനുഷ്യര്‍ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു’ ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന.
പക്ഷേ വൈറസിനെ മറികടക്കാന്‍ സുരക്ഷിതരായി ഇരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം ത്രിവേന്ദ്ര സിംഗിന്റെ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ട്രോളുകളും നിറയുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്‍ട്രെല്‍ വിസ്തയില്‍ കൊവിഡിന് അഭയം നല്‍കണമെന്നാണ് റാവത്തിനെ പരിഹസിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.