ഇന്‍ഡോര്‍: കൊവിഡിനെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂര്‍. നാലു ദിവസത്തെ യാഗം നടത്തിയാല്‍ കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്നാണ് മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂറിന്റെ വിവാദ പ്രസ്താവന.ഇന്‍ഡോറിലെ കൊവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടന വേളയിലാണ് ഉഷാ താക്കൂറിന്റെ വിവാദ പരാമര്‍ശം.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുകയാണ് ഇന്ത്യ. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആരോഗ്യമേഖലയില്‍ കനത്ത പ്രതിസന്ധിയാണ് കൊവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. ചികിത്സ പോലൂം കിട്ടാതെ ആയിരങ്ങളാണ് മരിച്ചു വീഴുന്നത്. ഇതിനിടെയിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലുദിവസത്തെ യാഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. നമ്മുടെ പൂര്‍വ്വികര്‍ മഹാമാരികളില്‍ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുക പോലുമില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ കൊവിഡിന്റെ മൂന്നാ തരംഗം ആദ്യം കുട്ടികളെയാണ് ബാധിക്കുക. ഇതിനായി മധ്യപ്രേദശ് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. മഹാമാരിയെ ഞങ്ങള്‍ വിജയകരമായി മറികടക്കും എന്നായിരുന്നു ഉഷാ താക്കൂര്‍ പറഞ്ഞത്.
ഉഷ താക്കൂര്‍ ഇത് ആദ്യമായിട്ട് അല്ല വിവാദങ്ങളില്‍ പെടുന്നത്. ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പരസ്യമായ പൂജ നടത്തിക്കൊണ്ട് ഉഷ ഥാക്കൂര്‍ കഴിഞ്ഞ മാസം വിവാദത്തിലുള്‍പ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിലുള്ള ദേവി അഹില്യ ഭായ് ഹോക്കറുടെ പ്രതിമയ്ക്ക് മുമ്പില്‍ വച്ചായിരുന്നു പൂജ. എയര്‍പോര്‍ട്ട് ഡയറക്ടറും ജീവനക്കാരുമടക്കം ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മാസ്ക് ധരിക്കുന്നതിനെയും മന്ത്രി എതിര്‍ത്തിരുന്നു. പതിവായി പലവിധ പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വിശദീകരണം. ചാണകം കൊണ്ട് നിര്‍മ്മിച്ച ‘കൗ ഡങ് കേക്ക്’ ഒരെണ്ണം കത്തിച്ച് പൂജ നടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കും എന്നായിരുന്നു അന്ന് വിശദീകരണത്തിനൊപ്പം മന്ത്രി പറഞ്ഞത്.