ജബല്‍പുര്‍: ഉപ്പും ഗ്ലൂക്കോസും ചേര്‍ത്ത് വ്യാജ റെംഡെസിവിര്‍ ഇന്‍ജക്ഷനുകള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ വി.എച്ച്.പി. നേതാവ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ജബല്‍പൂരിലെ വി.എച്ച്.പി. പ്രസിഡന്റും സിറ്റി ആശുപത്രി ഉടമയുമായ സരബ്ജീത് സിങ് മോക്ക, ആശുപത്രി മാനേജര്‍ ദേവേന്ദ്ര ചൗരാസിയ, ഫാര്‍മ കമ്പനി ഡീലര്‍ സ്വപന് ജെയിന് എന്നിവര്‍ക്കെതിരേയാണ് ജബല്‍പുര്‍ പോലീസ് കേസെടുത്തത്. ഇതില്‍ സ്വപന് ജെയിനെ ഗുജറാത്തിലെ സൂറത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പ്രതികളും ഒളിവിലാണ്.
ഉപ്പും ഗ്ലൂക്കോസും ചേര്‍ത്ത് ഉണ്ടാക്കുന്ന വ്യാജ റെംഡെസിവിര്‍ ഇന്‍ജക്ഷനുകള്‍ക്ക് ഒന്നിന് 40,000 രൂപ വരെ ഈടാക്കിയാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ഏകദേശം ഒരു ലക്ഷത്തോളം വ്യാജ റെംഡെസിവിര്‍ ഇന്‍ജക്ഷനാണ് പ്രതികള്‍ വില്പന നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വിവിധ സംസ്ഥാനങ്ങളിലായി ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തിലുള്ള 3.000 വ്യാജ ഇന്‍ജക്ഷനുകള്‍ ഇന്ദോറിലും 3.500 എണ്ണം ജബല്‍പുരിലും എത്തിയിട്ടുണ്ട്.
സംഭവത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് എം.പി. വിവേക് താന്‍ക പറഞ്ഞു.