ഹൈദരാബാദ്: ഓക്സിജനുമായി വന്ന ടാങ്കറിന് വഴി തെറ്റിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് കൊവിഡ് രോഗികളാണ് മരിച്ചത്. ഹൈദരാബാദിലെ കിങ് കോട്ടി ആശുപത്രിയില്‍ ഞായറാഴ്ചയാണ് ദയനീയസംഭവം നടന്നത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഓക്സിജന്‍ ശേഖരം കുറയുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ വിതരണകേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വിതരണകേന്ദ്രത്തില്‍ നിന്നും ഓക്സിജനുമായി ടാങ്കര്‍ പുറപ്പെട്ടു.
എന്നാല്‍ ആശുപത്രിയിലേക്ക് വരുന്നതിനിടെ ജദ്ചെര്‍ലയില്‍ വെച്ച് ഡ്രൈവര്‍ക്ക് വഴി തെറ്റി. ടാങ്കറെത്താന്‍ വൈകിയതോടെ പരിഭ്രമത്തിലായ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് വന്ന് ടാങ്കറിനെ തിരഞ്ഞ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും ആശുപത്രിയിലെ ഓക്സിജന്‍ തീര്‍ന്നിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. 35 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച നാല് രോഗികളെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് മാത്രമാണ് കിങ് കോട്ടി സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സ നല്കി വരുന്നത്. ആശുപത്രിയില്‍ 300 ഓക്സിജന്‍ കിടക്കകളും 50 ഐസിയു കിടക്കകളും ഉണ്ട്.