ജയ്പൂര്‍: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. കോവിഡ് പ്രതിസന്ധികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മോഡിയുടെ പിടിപ്പുകേട് കാരണമാണ് രാജ്യത്ത് ഈ അവസ്ഥ വരാന്‍ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിമര്‍ശിച്ചു.
എന്നാല്‍, മോഡിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. വാക്സിന് രൂപപ്പെടുത്തിയെടുത്ത്, വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും ആരും അദ്ദേഹത്തെ പുകഴ്ത്തിയില്ലെന്നും പ്രശംസിച്ചില്ലെന്നും ചൂണ്ടിക്കാണിക്കുകയാണ് കങ്കണ റണൗട്ട്.
എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നതെന്ന് വികാരഭരിതയായി പറയുകയാണ് താരം. ഇങ്ങനെയുള്ള ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക എന്നും കങ്കണ ചോദിക്കുന്നു.
ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ‘മോഡി ജി അദ്ദേഹത്തിന്റെ ജീവതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും, വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല’ എന്നാണ് കങ്കണയുടെ ട്വീറ്റ്.