മീററ്റ്: ഉത്തര്‍പ്രദേശില്‍ വീണ്ടും അരുംകൊല. കാന്‍വാരിയ തീര്‍ത്ഥയാത്ര കാണാനെത്തിയതിന്റെ പേരില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തി. രജപുത്രരും ദളിതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രോഹിത് എന്ന പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മീററ്റിലെ ഉല്‍ദേപൂര്‍ ഗ്രാമത്തിലൂടെ കടന്നുപോയ കാന്‍വാരിയ തീര്‍ത്ഥയാത്ര കാണാനെത്തിയതിന്റെ പേരിലാണ് ദളിതര്‍ക്കു നേരെ രജപുത്രര്‍ അക്രമം അഴിച്ചു വിട്ടത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീര്‍ത്ഥയാത്ര കാണാനെത്തിയതിന്റെ പേരില്‍ രജപുത്രവിഭാഗത്തിലെ ചിലര്‍ ദളിതരെ ആക്ഷേപിക്കുകയും മര്‍ദ്ദിച്ച് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. അല്പസമയത്തിനകം ദളിത് വിഭാഗത്തിലെ കൂടുതല്‍ പേര് സംഭവസ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.
രോഹിതിന്റെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മൃതദേഹവുമായെത്തിയായിരുന്നു ഉപരോധം. കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതുവരെ മരണാനന്തരചടങ്ങുകള്‍ നടത്തില്ലെന്നും ഇവര്‍ നിലപാടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രജപുത്ര വിഭാഗത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. വര്‍ഷങ്ങളായി ഈ ഗ്രാമത്തില്‍ ഇരുകൂട്ടരും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.