ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ആര്‍എസ് ശര്‍മ്മയുടെ കാലാവധി നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ചു പുലിവാല് പിടിച്ച ശര്‍മ്മ ഈ ആഴ്ച കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കിയത്.
പുതിയ ഉത്തരവ് പ്രകാരം 2020 സെപ്തംബര്‍ വരെ ശര്‍മ്മ ട്രായ് ചെയര്‍മാനായി തുടരും. 2015 ല്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ശര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ ട്രായ് ചെയര്‍മാനായി നിയമിച്ചത്.
ട്വിറ്ററില്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി തനിക്കു നാശമുണ്ടാക്കാന്‍ ഹാക്കര്‍മാരെ വെല്ലുവിളിച്ച ശര്‍മ്മ വിവാദത്തിലകപ്പെട്ടിരുന്നു. വെല്ലുവിളി ഏറ്റെടുത്ത ഹാക്കര്‍മാര്‍ ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അക്കൗണ്ട് നമ്പറും പാന്‍ കാര്‍ഡ് നമ്പറുമടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്തു ട്വിറ്ററില്‍ പരസ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായും ചില ഹാക്കര്‍മാര്‍ അവകാശപ്പെട്ടിരുന്നു.
കളി കൈവിട്ടതോടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ആധാര്‍ അധികൃതര്‍ക്ക് ഉത്തരവിറക്കേണ്ടി വന്നു. എന്നാല്‍ ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്തത് ആധാര്‍ നമ്പര്‍ ഉപയോഗിച്ചല്ല എന്നും അവര്‍ അവകാശപ്പെട്ടു.