ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് സന്തോഷവാര്‍ത്ത, രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്.
ഇതോടെ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസി ഇന്ത്യാക്കാര്‍ക്ക് രാജ്യത്ത് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല.
നിലവില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയൂ. ഇതിനെതിരെ ദുബായിലെ സംരംഭകന് ഡോ. വിപി ഷംഷീര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനപ്രതാനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു.