ബംഗളുരു: ദേശീയ രാഷ്ട്രീയത്തില്‍ ഏറെ അനിശ്ചിതത്വം സൃഷ്ടിച്ച ഒന്നാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരും പിണറായി വിജയന്, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. വിവിധ നേതാക്കളുടെ താമസത്തിനും മറ്റുമായി 42 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ചെലവഴിച്ചത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വേണ്ടിയാണ് ഏറ്റവുമധികം തുക ചെലവഴിച്ചത്. എട്ട് ലക്ഷം രൂപ. മെയ് 23ന് രാവിലെ 9:49ന് താജ് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ചന്ദ്രബാബു നായിഡു 24ന് രാവിലെ 5:43ന് ചെക്ക് ഔട്ട് ചെയ്തു. ഒറ്റ ദിവസത്തെ താമസത്തിന് 8,72,485 രൂപയാണ് ചെലവഴിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ താമസത്തിന് 71,025 രൂപ ചെലവായി. ഏഴ് മിനിറ്റ് മാത്രമാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നീണ്ടുനിന്നത്. ഇതിനായാണ് 42 ലക്ഷം രൂപ ചെലവായത്.
വിവരാവകാശ പ്രവര്ത്തകന് നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയനേതാക്കള്‍ ഉള്‍പ്പെടെ 42 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. അതിഥികളുടെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനും മാത്രം 37,53,536 രൂപ ചെലവായി. മെയ് 23, 24 തീയതികളിലെ ബുഫെയ്ക്ക് മാത്രം 4,35,001 രൂപ ചെലവായി.