ലക്നോ: കന്‍വാര്‍ തീര്‍ത്ഥാടകരെ പനിനീര് ദലങ്ങള്‍കൊണ്ട് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച ഉത്തര്‍പ്രദേശ് പൊലീസ് മേധാവികളുടെ നടപടി വിവാദത്തില്‍. മീററ്റിലെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പ്രശാന്ത് കുമാറാണ് ഹെലികോപ്ടറില്‍ നിന്നും റോസാദലങ്ങള്‍ വാരിവിതറി തീര്‍ത്ഥാടകരെ സ്വാഗതം ചെയ്തത്.
പൊലീസ് കമ്മീഷണര്‍ ചന്ദ്ര പ്രകാശ് ത്രിപദിക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സഞ്ചരിച്ചുകൊണ്ടാണ് ഇദ്ദേഹം പുഷ്പവൃഷ്ടി നടത്തിയത്. വാര്‍ഷിക കന്‍വാര്‍ തീര്‍ത്ഥാടനത്തിന് മുന്നോടിയായ സുരക്ഷ, ട്രാഫിക് ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഔദ്യോഗിക യാത്രക്കിടെയാണ് സംഭവം.
ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുകൊണ്ട് പനിനീര് ദലങ്ങള്‍ വാരി വിതറി തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ പ്രശാന്ത് കുമാര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നുവെന്നും ഉത്തരവാദിത്വം മറന്ന് പൊലീസ് പെരുമാറുന്നുവെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഡിയോ പിന്‍വലിച്ചു.
ജനങ്ങളെ ആദരിക്കുന്നതിന്റെയും സ്വാഗതം ചെയ്യുന്നതിന്റെയും ഭാഗമായാണ് പുഷ്പങ്ങള്‍ വിതറിയത്. അതില്‍ മതപരമായ ഒന്നുമില്ല. ഭരണകൂടം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ഗുരുപൂര്‍ണിമ, ഈദ്, ബക്രിദ്, ജൈന മതാചാരങ്ങള്‍ എന്നിങ്ങനെ എല്ലാ മതാവിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുള്ളതാണ്”- പ്രശാന്ത് കുമാര്‍ വിവാദങ്ങളോട് പ്രതികരിച്ചു.
ഉത്തരാഖണ്ഡിലെ കന്‍വാറിലേക്ക് ശിവഭക്തരായ തീര്‍ത്ഥാടകര്‍ കാല്‍നടയായാണ് യാത്ര ചെയ്യുക. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കൂടുതല്‍ പേര് തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുക. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ട്രാഫികിനിടെ കന്‍വാര്‍ തീര്‍ത്ഥാടകന്റെ ദേഹത്ത് കാര്‍ തട്ടിയെന്ന് ആരോപിച്ച് സംഘം വനിത ഓടിച്ചിരുന്ന കാര്‍ തല്ലിതകര്‍ത്തിരുന്നു