ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച മെട്രോമാന് ഇ ശ്രീധരനെ പ്രായപരിധി ഓര്‍മ്മിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ബിജെപി മുന്നോട്ട് വെക്കുന്ന പ്രായപരിധി ഇ ശ്രീധരന് പ്രശ്നമാകുമെന്നാണ് യശ്വന്ത് സിന്‍ഹ പറയുന്നത്.
എന്‍ഡിടിവിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം. ‘കേരളത്തില്‍ അധികാരം ഏറെ ദൂരെയാണെന്നതും ബിജെപിക്ക് ഒരു എംഎല്‍എ മാത്രമാണുള്ളതെന്നുമുള്ള വാസ്തവം നിലനില്‍ക്കെ അദ്ദേഹത്തിന്റെ തീരുമാനം ഏറെ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അശ്വമേധ യാഗം അനുസരിച്ചാണെങ്കില്‍ കേരളത്തിലും അധികാരം പിടിച്ചെടുത്തേ തീരൂ. കേരളവും കീഴടങ്ങേണ്ടതുണ്ട്. അതിന് ശ്രീധരന് കഴിയും’ – യശ്വന്ത് സിന്‍ഹ പറഞ്ഞു.
‘പദവിയില്‍ താല്പര്യം ഇല്ലെങ്കിലും ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാവുന്നതില്‍ വിരോധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് പ്രായം അദ്ദേഹത്തിന് മുന്നില്‍ വിലങ്ങ് തടിയാവുന്നത്. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് 75 വയസില്‍ കൂടുതലുള്ളവര്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹരല്ലെന്ന അഭ്യൂഹം ശക്തമായിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രായപരിധിയുണ്ടായിരുന്നില്ല. അങ്ങനെ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ എന്നിവരെ ഒരിക്കലും യോഗം ചേരാത്ത മാര്‍ഗദര്‍ശക മണ്ഡലത്തിലേക്ക് ഒതുക്കി. ഇത്തരത്തിലാണ് അവരുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത്. ഇതേ അവസ്ഥയായിരുന്നു അക്ബര്‍/ബെയ്റാം ഖാന് എന്നിവരുടേയും. അവരിപ്പോള്‍ സുഖമായി ഇരിക്കുന്നുവെന്ന് കരുതാം.
ശ്രീധരനിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം ഒരു മികച്ച പ്രൊഫഷണലാണ്, എന്നാല്‍ രാഷ്ട്രീയ പ്രവേശനം ഏറെ വൈകിപ്പോയി. 75 എന്ന പ്രായപരിധി ബിജെപിയില്‍ നിലനില്‍ക്കുന്നതിനെ കുറിച്ച് അദ്ദേഹം അറിഞ്ഞിരിക്കില്ല. എന്നാല്‍ കര്‍ണാടയില്‍ യെദ്യൂരപ്പക്ക് ഈ നിയമങ്ങളൊന്നും ബാധകമായിരുന്നില്ല.’ യശ്വന്ത് സിന്‍ഹ ലേഖനത്തില്‍ പറയുന്നു.