ചെന്നൈ: ഡിഎംകെയില്‍ നിന്നു പുറത്താണെങ്കിലും അച്ഛന്റെ അസുഖവിവരമറിഞ്ഞു മകന് എംകെ അഴഗിരി ഓടിയെത്തി, അണിയറയില്‍ സജീവമാകുകയും ചെയ്തു. എന്നാല്‍, കുടുംബവുമായി വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇടഞ്ഞ മൂത്തമകന് എംകെ മുത്തു ചിത്രത്തില്‍ വന്നതേയില്ല. പാര്‍ട്ടിയുടെ കടിഞ്ഞാണിനെച്ചൊല്ലി സഹോദരന് എംകെ സ്റ്റാലിനുമായി ഇടഞ്ഞുനില്‍ക്കുന്ന, മുന്‍ കേന്ദ്രമന്ത്രി അഴഗിരിയെ രണ്ടുവര്‍ഷം മുന്‍പാണു ഡിഎംകെ പുറത്താക്കിയത്.
എന്നാല്‍, കഴിഞ്ഞയാഴ്ചയും സ്റ്റാലിനെ വെല്ലുവിളിച്ച് പരസ്യപ്രസ്താവനയുമായി അഴഗിരി രംഗത്തെത്തിയിരുന്നു. ഡിഎംകെയ്ക്ക് ഇപ്പോള്‍ നേതൃത്വമില്ലെന്നായിരുന്നു പരിഹാസം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അവിടെയുണ്ടെങ്കിലും നേതാക്കള്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പുറത്തുവിടുന്ന ചിത്രങ്ങളില്‍ എംകെ സ്റ്റാലിനും കനിമൊഴിയും മാത്രമാണുണ്ടായിരുന്നത്.
അതിനിടെ, കലൈജ്ഞറുടെ ആരോഗ്യവിവരം, അഴഗിരിയോടും സ്റ്റാലിനോടും സംസാരിച്ചെന്നു നടന് രജനീകാന്ത് പറഞ്ഞതു വലിയ ചര്‍ച്ചയായി. അഴഗിരിയുടെ പേര് സ്റ്റാലിനു മുന്‍പു പറഞ്ഞത് എന്തോ അര്‍ഥം വച്ചാണ് എന്നായി വിവാദം. ഏതായാലും, ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയെ സന്ദര്‍ശിക്കാന്‍ സ്റ്റാലിന് പോയപ്പോള്‍ അഴഗിരിയും ഒപ്പമുണ്ടായിരുന്നു.