ന്യൂഡല്‍ഹി: 2022ല്‍ രാജ്യത്ത് ഫൈവ് ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാകും അവതരിപ്പിക്കുകയെന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലായിരിക്കും സേവനങ്ങളെന്നും അരുണ സുന്ദരരാജന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപകമാക്കുന്നതിനും സ്മാര്‍ട്ട് സിറ്റി ഉദ്യമങ്ങള്‍ക്കും പ്രയോജനകരമാണ് ഫൈവ് ജി സേവനങ്ങള്‍. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുങ്ങാന്‍ ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലുമെടുക്കുമെന്ന് ടെലികോം സെക്രട്ടറി വ്യക്തമാക്കി.
ഡിമാന്‍ഡ് അനുസരിച്ചായിരിക്കും ഫൈവ് ജി ലഭ്യമാക്കുക. വ്യവസായങ്ങള്‍ ഇതിനനുസരിച്ച് നിലവാരം മെച്ചപ്പെടുത്തേണ്ടിവരും. വമ്പന്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫൈവ് ജിക്ക് കുറഞ്ഞ വൈദ്യുതച്ചെലവ് മാത്രം മതിയാകും. സ്വയം നിയന്ത്രിത വാഹനങ്ങളും ഡ്രോണുകളും നിര്‍മിക്കാനും വിദൂരത്തിരുന്ന് സര്‍ജറികള്‍ നടത്താനും ട്രാഫിക്ക് നിയന്ത്രിക്കാനും ഫൈവ് ജി സഹായകമാകും.
അതേസമയം, ഫൈവ് ജി സേവനങ്ങള്‍ ഉറപ്പാക്കണമെങ്കില്‍ രാജ്യത്തെ ഫൈബര്‍ നെറ്റ്വര്‍ക്ക് ഇരട്ടിയാക്കേണ്ടിവരും. നിലവില്‍ പത്തരലക്ഷം കിലോമീറ്ററാണ് ഇന്ത്യയിലെ ഫൈബര്‍ നെറ്റ്വര്‍ക്ക്. ഏഷ്യന്‍ രാജ്യങ്ങളില്‍ ദക്ഷിണ കൊറിയ, ജപ്പാന്, ചൈന എന്നിവിടങ്ങളില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഫൈവ് ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും.