ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ തടസമാകുന്നത് ബിജെപിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയില്‍ മഹിളാ അധികാര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.
രാജ്യത്തെ പുരുഷന്മാര്ക്ക് മാത്രമേ നയിക്കാനാകുവെന്നാണ് ആര്‍എസ്എസും ബിജെപിയും കരുതുന്നത്. സ്ത്രീകള്‍ക്ക് നേതൃസ്ഥാനം നല്കിയ ചരിത്രം ആര്‍എസ്എസിന് ഇല്ല. വനിതകളെ പരിഗണിക്കുന്ന കാര്യത്തില്‍ തങ്ങളുടെ പ്രത്യയശാസ്ത്രവുമായി വലിയ വ്യത്യാസമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
മുസാഫര്‍നഗറിലും ദിയോറിയയിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി മൗനിയായിരുന്നു. പല കാര്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കാറുണ്ട്. പക്ഷേ സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോളും ബിഹാറിലും ഉത്തര്‍പ്രദേശിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോഴും പ്രധാനമന്ത്രിക്ക് മൗനമാണ്. പെണ്‍കുട്ടികള്‍ക്ക് ബിജെപി എംഎല്‍എമാരില്‍ നിന്ന് സംരക്ഷണം നല്‍കേണ്ട അവസ്ഥയാണെന്നും രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ 50 ശതമാനം വനിതാ പ്രതിനിധ്യം നല്‍കുകയെന്നാണ് തങ്ങളുടെ ലക്ഷ്യം. വനിതകളെ മുന്‍നിരയില്‍ എത്തിക്കാന്‍ പാര്‍ട്ടി പ്രോത്സാഹനം നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ 2010ല്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ ബില്‍ ഇതുവരെയും ലോക്സഭയില്‍ പാസാക്കാന്‍ സാധിച്ചിട്ടില്ല.