ബാങ്കുര: താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം ഇരുനിലകെട്ടിടം തകര്‍ന്നു വീണു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ മാറാതെ ജനങ്ങള്‍. കനത്തമഴയെത്തുടര്‍ന്ന് ബംഗാളിലാണ് സംഭവം. താമസക്കാരെ ഒഴിപ്പിച്ച് നിമിഷങ്ങള്‍ക്കകം കെട്ടിടം സമീപത്തുള്ള കനാലിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
ബാങ്കുര ജില്ലയിലെ ജന്ബേദിയയിലാണ് കെട്ടിടം തകര്‍ന്നുവീണത്. യാദൃശ്ചികമായി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. നിറഞ്ഞുകവിഞ്ഞൊഴുകുന്ന കനാലിലേക്കാണ് കെട്ടിടം വീണത്. കനത്ത മഴയെത്തുടര്‍ന്ന് ഭിത്തികളുടെ ബലം കുറഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സമീപത്തുള്ള കനാലില്‍ വെള്ളം നിറഞ്ഞതും കെട്ടിടം തകരാന്‍ കാരണമായി.
സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല. മെയ് മാസത്തില്‍ മാത്രം 200 വീടുകളാണ് കാലപ്പഴക്കം മൂലം പൊളിഞ്ഞുവീണത്. കഴിഞ്ഞമാസം കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചിരുന്നു. കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണ് നിലംപൊത്താറായ നിലയിലുള്ളത്.