മുംബൈ: കടലമ്മയുടെ കനിവ് തേടിയിറങ്ങിയപ്പോള്‍ മഹേഷ് മെഹറും സഹോദരന് ഭരതും ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെയൊരു ഭാഗ്യം തങ്ങളെ തേടി വരുമെന്ന്. കടലമ്മ കനിഞ്ഞ് അനുഗ്രഹിച്ചപ്പോള്‍ വലയില്‍ കുടുങ്ങിയത് കടല്‍ സ്വര്‍ണമെന്ന ലക്ഷങ്ങള്‍ വിലയുള്ള ഘോല്‍ മത്സ്യമാണ്.
നിരവധി ഔഷധ മൂല്യമുള്ള ഘോല്‍ മത്സ്യം വളരെ അപൂര്‍വമായേ ലഭിക്കാറുള്ളു. 30 കിലോയോളം ഭാരമുള്ള മത്സ്യമാണ് മഹേഷിന്റെയും ഭരതിന്റെയും വലയില്‍ കുടുങ്ങിയത്. മീനുമായി തിരിച്ചെത്തിയപ്പോള്‍ ഇവരെ ലക്ഷങ്ങളുമായാണ് വ്യാപാരികള്‍ കാത്തുനിന്നത്. ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. തരമനുസരിച്ച് വിലയില്‍ വ്യത്യാസം വരാറുണ്ടെങ്കിലും വളരെ അപൂര്‍വമായ മത്സ്യത്തെയാണ് സഹോദരന്മാര്ക്ക് ലഭിച്ചത്.
1000 രൂപ മുതലാണ് കിലോയ്ക്ക് ഘോല്‍ മത്സ്യത്തിന്റെ വില. സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാന് എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതിക്കാണ് ഘോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്. കൊളാജെന്‍ എന്ന അതിവിശിഷ്ടമായ മാംസ്യം വളരെ കൂടുതല്‍ അളവില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഔഷധങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കൊളാജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ ഘോല്‍ മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്.
ഘോല്‍ എന്നറിയപ്പെടുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനാണ് ഇവര്‍ക്ക് ലഭിച്ചത്. ഈ മീനിന് ഔഷധ ഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഹൃദയത്തെ സമുദ്രത്തിലെ സ്വര്‍ണം എന്നാണത്രെ അറിയപ്പെടുന്നത്. സഹോദരങ്ങള്‍ക്ക് ഘോല്‍ മത്സ്യം ലഭിച്ചെന്ന വാര്‍ത്ത പരന്നതോടെ തീരത്ത് വ്യാപാരികള്‍ കാത്തുനില്ക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന ലേലത്തിനൊടുവില്‍ മീന്‍ വിറ്റു പോയത് 5.5 ലക്ഷം രൂപയ്ക്ക്. 30 കിലോ മാത്രമുള്ള മീനു ലഭിച്ച വിലയാണിത്. ഇരുപത് മിനിട്ട് മാത്രം നീണ്ടു നിന്ന ലേലം വിളിയില്‍ പ്രമുഖ മത്സ്യ കയറ്റുമതിക്കാരിലൊരാളാണ് മീന്‍ വാങ്ങിയത്. എന്തായാലും ഘോല്‍ മത്സ്യം കൊണ്ടു വന്ന ഭാഗ്യത്തിന് കടലമ്മയ്ക്ക് നന്ദി പറയുകയാണ് മഹേഷ് മെഹറും ഭരത് മെഹറും.