ഉത്തര്‍പ്രദേശ്: മകളെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ചൗദാര്പുര് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലാത്ത കാര്യം അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന് ആരോഗ്യമില്ലാത്തത് മാതാപിതാക്കളെ വിഷമിപ്പിച്ചിരുന്നു. കുട്ടിയെ കൊന്ന് കുഴിച്ചിട്ട ശേഷം അവിടെ ക്ഷേത്രം പണിത് പൂജ ചെയ്താല്‍ പിന്നീട് ജനിക്കുന്ന കുട്ടിയ്ക്ക് പൂര്‍ണ ആരോഗ്യമുണ്ടാകുമെന്ന് ഒരു പൂജാരി നിര്‍ദേശിച്ചുവെന്നും അതേത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ മൊഴി.
മകളെ വേര്‍പിരിയാന്‍ കുട്ടിയുടെ അമ്മയ്ക്ക് വിഷമമായതു കൊണ്ടാണ് വീടിനുള്ളില്‍ തന്നെ കുഴിച്ചു മൂടാന്‍ തീരുമാനിച്ചതെന്ന് കുട്ടിയുടെ മുത്തശ്ശി പോലീസിനെ അറിയിച്ചു. ദിനംപ്രതി കുഞ്ഞിന്റെ ആരോഗ്യം കുറഞ്ഞുകൊണ്ടിരുന്നതായും മരുന്നുകളൊന്നും ഫലിക്കാതെ വന്നതും ഇങ്ങനെ ചെയ്യാന്‍ പ്രേരണ നല്‍കിയെന്നും അവര്‍ പറഞ്ഞു. കുഞ്ഞിന്റെ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഒരു തരി പോലുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസംമുട്ടിയാണ് കുട്ടിയുടെ മരണം എന്നും റിപ്പോര്‍ട്ടിലുണ്ട്.