പന്ത്രണ്ടു ശവകുടീരങ്ങളുടെ അടുത്തിരുന്ന് കാപ്പിയും ചായയും കുടിക്കാം, ഭക്ഷണം കഴിക്കാം. കേള്‍ക്കുമ്പോള്‍ എന്താസംഭവമെന്ന് ഒന്ന് അമ്പരക്കും. അഹമ്മദാബാദിലെ ഒരു ഹോട്ടലിലാണ് ഇത്തരമൊരു അവസരം. മലയാളിയായ കൃഷ്ണകുട്ടി ചേട്ടന്റെതാണ് കബറിടങ്ങള്‍ ഉള്ള ഈ ഹോട്ടല്‍.
കഴിഞ്ഞ അഞ്ചു ദശാബ്ദമായി ചായക്കട നടത്തുകയാണ് കൃഷ്ണകുട്ടി ചേട്ടന്. ഒരു മുസ്ലിം പള്ളിയോടു ചേര്‍ന്ന കബര്സ്ഥാനായിരുന്നു മുന്‍പ് ഈ സ്ഥലം. നാനൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന സൂഫിവര്യന്മാരുടെ കബറിടങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
കാലാന്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ ആ കബറുകള്‍ ആരും നശിപ്പിച്ചതുമില്ല. തിരുവനന്തപുരംകാരനായ കൃഷ്ണന്‍കുട്ടി ഒരു കോഴിക്കോട്ടുകാരനില്നിന്നാണ് ഈ സ്ഥലം വാങ്ങിയത്. ഇവിടെയിങ്ങനെയൊരു ശവപ്പറമ്പുണ്ടെന്ന് അറിയില്ലായിരുന്നു.
അറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കുറച്ചുകാലം വെറുതേ പോയി. പിന്നെ ഇവിടെയൊരു ചായക്കട തുടങ്ങി- ‘ദ് ന്യൂ ലക്കി സ്റ്റാര്‍’ കൃഷ്ണകുട്ടി തന്റെ ഹോട്ടലിലെ സൂഫി വര്യന്മാരുടെ ആത്മാക്കളെ നമസ്കരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ കബറുകളില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ഥിച്ച ശേഷമേ താന്‍ കച്ചവടം ആരംഭിക്കാറുള്ളൂവെന്ന് അദ്ദേഹം പറയുന്നു.
‘എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ ആദ്യം ഇവിടുത്തെ കബറിനടുത്തിരുന്ന് ഒരു ഗ്ലാസ് ചായ കുടിച്ച ശേഷമേ ആരും മുന്നോട്ടു പോകൂ, അതൊരു അനുഗ്രഹമായി അവര്‍ കരുതുന്നു’ തന്റെ ഹോട്ടല്‍ അന്വേഷിച്ച് വരുന്ന സ്ഥിരം ആളുകളെക്കുറിച്ച് കൃഷ്ണന് കുട്ടി പറയുന്നു. മരിച്ചവര്ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഭക്ഷണം കഴിക്കുന്ന മേശകള്‍ക്കും കസേരകള്‍ക്കും അടുത്താണ് വെളുത്ത മെറ്റലില്‍ പൊതിഞ്ഞ മതിലുകൊണ്ട് വേര്‍തിരിക്കപ്പെട്ട ശവ കുടീരങ്ങള്‍. ദിവസവും ഇതില്‍ പൂക്കള്‍ വര്ഷിക്കപ്പെട്ടിരിക്കും. കാപ്പി, ചായ, നൂഡില്‍സ്, ബിരിയാണി തുടങ്ങി എല്ലാം ഇവിടെ കഴിക്കാന്‍ കിട്ടുമെങ്കിലും ഇവിടുത്തെ ചായയ്ക്കാണ് ആരാധകര്‍ ഏറെയും.
വിഖ്യാത ചിത്രകാരനായിരുന്ന എം.എഫ്. ഹുസ്സൈന്‍ ഇവിടെ വരുകയും ഇവിടുത്തെ സവിശേഷതയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ‘ജീവിതവും മരണവും ഒന്നിച്ച് അനുഭവിക്കാന്‍ പറ്റുന്നയിടം’ എന്നാണ് അദ്ദേഹം ഈ ഹോട്ടലിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.