ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയതിനു പിന്നാലെ സമൂഹമാധ്യമമായ വാട്സ്ആപ്പ് ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്താന്‍ തയാറെടുക്കുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ച് വാട്സ്ആപ്പിനു മാത്രമായി ഇന്ത്യയില്‍ ഒരു സാങ്കേതിക സംഘത്തെ സൃഷ്ടിക്കാനാണ് ഉടമകളായ ഫേസ്ബുക്ക് പദ്ധതിയിടുന്നത്.
അടുത്തിടെ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ചിലത് വാട്സ്ആപ്പിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തകളെ തുടര്‍ന്നായിരുന്നു. ഇതേതുടര്‍ന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിനു ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇതിനോടു പ്രതികരിച്ച വാട്സ്ആപ്പ്, ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വ്യാജവാര്‍ത്തകള്‍ തടയുന്നതിന് പ്രാദേശികമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അറിയിച്ചു.
ഇതിനു പിന്നാലെയാണ് പ്രാദേശിക ടീമിനെ സൃഷ്ടിക്കാന്‍ വാട്സ്ആപ്പ് ആലോചിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലോകത്തെ ഏറ്റവും ശക്തമായ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സ്ആപ്പിന് ഇന്ത്യയില്‍ 200 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്.