ചെന്നൈ: മദ്യപിച്ച് ഇരുചക്രവാഹനത്തില്‍ മൂന്നു പേരുമായി വരുമ്പോള്‍ പോലീസ് പിടിച്ചതിനെത്തുടര്‍ന്ന് യുവാവ് പുഴയിലേയ്ക്ക് എടുത്ത് ചാടി. അഡയാര്‍ സ്വദേശിയായ രാധാകൃഷ്ണന് (24) ആണ് വാഹന പരിശോധന നടത്തുമ്പോള്‍ ഭയന്ന് അഡയാര്‍ പുഴയിലേക്ക് ചാടിയത്. തിരു വൈക പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ ഇയാളെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്ണന് മൂന്നു പേരുമായി വാഹനമോടിച്ച് വരുമ്പോള്‍ പോലീസ് കൈ കാണിച്ചു. തന്റെ സുഹൃത്തായ സുരേഷിനും മറ്റൊരാള്ക്കൊപ്പവുമാണ് ഇരുചക്രവാഹനത്തില്‍ രാധാകൃഷ്ണന് സഞ്ചരിച്ചിരുന്നത്. പാലത്തില്‍ സമീപം വച്ച് വാഹനം തടഞ്ഞ പോലീസ് രാധാകൃഷ്ണന് മദ്യപിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്തു. രാധാകൃഷ്ണന്റെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തു. ഇതോടെ പാലത്തിലേക്ക് ഓടിയ രാധാകൃഷ്ണന് പുഴയിലേക്ക് ചാടുകയായിരുന്നു. ഉടന്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു വാഹനങ്ങളിലായി ഫയര്‍ ഫോഴ്സ് എത്തി തിരിച്ചില്‍ ആരംഭിച്ചു.
മുങ്ങല്‍ വിദഗ്ധര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും രാധാകൃഷ്ണനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. കോമേഴ്സ് ബിരുദമുള്ള രാധാകൃഷ്ണന് ഒരാളെ കയ്യേറ്റം ചെയ്ത കേസില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷം മോശം കൂട്ടുക്കെട്ടുകളില്‍ നിന്ന് മാറി അഡയാറിലേക്ക് താമസം മാറ്റി. പോലീസ് മാന്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.