ഹൈദരാബാദ്: സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് കീകീ ചലഞ്ച്. തെലങ്കാനയില്‍ നിന്നുള്ള യുവകര്‍ഷകരുടെ ചലഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലമ്പാടിപ്പള്ളി ഗ്രാമത്തിലെ രണ്ട് യുവകര്‍ഷകരാണ് വേറിട്ട രീതിയില്‍ ചലഞ്ച് ഏറ്റെടുത്തിട്ടുള്ളത്. പാടത്ത് കാളപൂട്ടുന്നതിനിടയിലാണ് ഇരുവരും കീകീ ചലഞ്ച് ഏറ്റെടുത്ത് ആടിയത്.
ഒരു തനിനാടന്‍ കീ കീ ചലഞ്ച് വീഡിയോ എന്ന തലകെട്ടോടു കൂടിയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. അനില്‍ ഗീല, പിള്ളി തിരുപ്പതി എന്നിവരാണ് ഈ വൈറല്‍ വീഡിയോയിലെ താരങ്ങള്‍. പാടത്തെ ചെളിയില്‍ താളത്തിന് ചുവടു വച്ചുകൊണ്ടാണ് ഇവരുടെ പ്രകടനം. ഉഴുതുകൊണ്ടിരിക്കുന്ന പാടത്ത് ഡാന്‍സ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് അനില്‍ പറഞ്ഞു. ഏത് നിമിഷവും തെന്നിവീഴാനുള്ള സാധ്യത വളരെയധികമായിരുന്നു. അതുകൊണ്ട് റെക്കോഡ് ചെയ്യുന്നതിനു മുമ്പ് രണ്ട് മൂന്ന് തവണ ഞങ്ങള്‍ പരിശീലനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഒറ്റടേക്കില്‍ വീഡിയോ റെഡി ആക്കിയതെന്ന് അനില്‍ പറയുന്നു.
വേറിട്ട രീതിയില്‍ അവതരിപ്പിച്ചതു കൊണ്ടും നാടന്‍ തനിമ തുളമ്പുന്നതുമായതിനാല് വീഡിയോ ഹിറ്റായി മാറി. കനേഡിയന്‍ റാപ്പ് ഗായകന് ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ കീകീ എന്ന് തുടങ്ങുന്ന വരികളാണ് കീകീ ചലഞ്ചിനായി ഉപയോഗിക്കുന്നത്. കീകീ ഡു യു ലൗവ് മീ, ആര് യൂ റൈഡിങ് എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്തുമൊക്കെയാണ് ലോകമെമ്പാടുമുള്ളവര്‍ കീകീ ചലഞ്ച് ഏറ്റെടുത്തത്. റോഡ് സുരക്ഷ കണക്കിലെടുത്ത് ഇത്തരം പ്രവര്‍ത്തകളില്‍ നിന്ന് പിന്തിരിയണമെന്ന് ഹൈദരാബാദ്, മുംബൈ, ബംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.