കൊല്‍ക്കത്ത: മസഞ്ചര്‍ അണക്കെട്ടില്‍ പെയിന്റ് അടിക്കുന്നതിനെച്ചൊല്ലി പഞ്ചിമ ബംഗാളും ജാര്‍ഖണ്ഡും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടില്‍ പശ്ചിമബംഗാള്‍ നീലയും വെള്ളയും നിറം നല്‍കാനുള്ള തീരുമാനത്തെ ജാര്‍ഖണ്ഡ് എതിര്‍ത്തതിനെ തുടര്‍ന്നാണ് തര്‍ക്കം രൂപപ്പെട്ടത്. ജാര്‍ഖണ്ഡിലെ അതിര്‍ത്തി ഗ്രാമമായ ഡുംക്കയിലാണ് മസഞ്ചോര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രമായ ഇത് ബംഗാള്‍ ജലസേചനന പദ്ധതിയുടെ അധികാര പരിധിയിലുമാണ്.
അണക്കെട്ടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.82 കോടി രൂപ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. അണക്കെട്ടിന് പെയിന്റടിക്കാനും സ്റ്റാഫ് ക്വാട്ടേഴ്സ് നിര്‍മ്മിക്കാനുമാണ് ഈ തുക വകയിരുത്തിയിരുന്നത് പശ്ചിമബംഗാളിലെ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് നീലയും വെള്ളയും നിറങ്ങളാണ് നല്‍കാറുള്ളത്. അത് കൊണ്ട് തന്നെ അണക്കെട്ടിനും നീലയും വെള്ളയും നിറങ്ങള്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍, ഈ നിറങ്ങള്‍ പശ്ചിമബംഗാളിന്റെ ഔദ്യോഗിക നിറങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവയല്ലെന്നും തീരുമാനത്തിന് പിന്നിലുള്ളത് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയതാല്പര്യങ്ങളാണ് എന്നും ബിജെപി ആരോപിച്ചു. ജാര്‍ഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് ത്യണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി നിറങ്ങള്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവിടെയുള്ളവരും വാദിച്ചതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്.
ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശകത്മായതോടെ അണക്കെട്ടിന്റെ ജോലികള്‍ക്കായി വന്ന തൊഴിലാളികള്‍ തിരിച്ച് പോയി.തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡിന്റെ പേരും ലോഗോയും അണക്കെട്ടിന്റെ പ്രവേശന കവാടത്തില്‍ ഒട്ടിച്ചു. അണക്കെട്ടിന് നിറം നല്‍കാനുള്ള തീരുമാനം തീര്‍ത്തും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചാണ്,ഇതില്‍ രാഷ്ട്രീയം കാണിക്കേണ്ട സ്ഥലമല്ലെന്നും ബിജെപി ഡുംക്ക ജില്ലാ പ്രസിഡന്റ് നിബാഷ് മൊണ്ഡല്‍ അഭിപ്രായപ്പെട്ടു.അതേസമയം, ഈ നിറങ്ങള്‍ പാര്‍ട്ടിയുടേതല്ല മറിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റേതാണ് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. ബംഗാളിലെ മാത്രമല്ല ജാര്‍ഖണ്ഡിലേയും ബിജെപി മമതയെ പേടിക്കുന്നു. തൃണമൂലിന്റെ നിറങ്ങള്‍ നീലയും വെള്ളയും അല്ല എന്ന അവരറിയേണ്ടതാണ്.
അവര്‍ മണ്ടന്മാരാണെന്ന് തോന്നുന്നു. സര്‍ക്കാര്‍ അണക്കെട്ടിന് ഈ നിറങ്ങള്‍ നല്‍കണമെന്ന് തീരുമാനിച്ചാല്‍ അധികൃതര്‍ അത് അനുസരിച്ചേ മതിയാവൂ എന്നും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് അനുബ്രത മൊണ്ഡാല് പ്രതികരിച്ചു. എന്തായാലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ് പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ശേഷം ആവശ്യമെങ്കില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യാനുള്ള തീരുമാനത്തിലാണ് പശ്ചിമബംഗാള്‍ ജലസേചനവകുപ്പ്.