ബംഗളൂരു: സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഫലം തെറ്റാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് താരത്തിന് കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമാണ് ഫലം പോസിറ്റീവ് ആയതെന്നും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന് ട്വിറ്ററിലുടെ അറിയിച്ചു. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളും സജീവ രോഗികളും ക്രമാനുഗതമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 44,878 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 87,28,795 ആയി ഉയര്‍ന്നു.
547 കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1,28,688 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 4,84,547 ആണ്. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 4,747 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.