അഹമ്മദാബാദ്: സൗന്ദര്യം കൊടുംശാപമായി അഹമ്മദാബാദിലെ ഗീതയുടെ ജീവിതം. സംശയം മൂത്ത് ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നതും, കൊലപാതകങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഒന്നാണ്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായ ഭര്‍ത്താവിന്റെ പരാക്രമങ്ങളാണ് ചൂടുപിടിക്കുന്നത്. ഭാര്യയുടെ സൗന്ദര്യം കുറയ്ക്കാനായി മുന്‍നിരയിലെ പല്ലുകള്‍ എടുത്തും, വികൃതമാക്കാന്‍ ആവുന്ന പണിയും എടുക്കുകയാണ് ഇയാള്‍. ക്രൂര പീഡനം സഹിക്കാനാകാതെ ഇറങ്ങി ഓടിയ ഗീതയുടെ യാതനകള്‍ പുറംലോകം അറിഞ്ഞത് വളരെ വൈകിയാണ്.
യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്നും എടുത്ത് ചാടിയ ഗീതയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ക്രൂര പീഡനങ്ങളുടെ ചുരുള്‍ അഴിയുന്നത്. 57 വയസ്സുകാരനായ ദുദേഷാണ് 55 കാരിയായ ഭാര്യ ഗീത ബെന്നിനോട് ഈ ക്രൂരത കാണിച്ചത്. 15 വര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. ഓട്ടോറിക്ഷ ഡ്രൈവറാണ് ദുദേഷ്. ഗീത ബെന്‍ വീട്ടുജോലി ചെയ്യുന്നു. വര്‍ഷങ്ങളോളം വലിയ കുഴപ്പമില്ലാത്ത ദാമ്പത്യമായിരുന്നു ഇവരുടേത്. എന്നാല്‍ കുറച്ചുകാലം മുന്‍പാണ് ഇയാള്‍ക്ക് ഗീതയെ സംശയം തോന്നിത്തുടങ്ങിയത്. തുടര്‍ന്ന് മാനസികരോഗിയെ പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം.
ഭാര്യയെ വിരൂപയാകാന്‍ പല്ലു പറിച്ചു കളഞ്ഞിട്ടും ഇയാളുടെ സംശയം തീര്‍ന്നിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ ആരോ വരുന്നെന്ന് പറഞ്ഞ് വീടിന് ചുറ്റും ഷീറ്റിട്ട് മൂടി. എന്നിട്ടും മതിയാവാതെ ദുദേഷ് ഓട്ടോറിക്ഷ ഓടിക്കാന്‍ പോകുമ്പോള്‍ ഗീതയേയും കൂട്ടും. എവിടെയൊക്കെ ഓട്ടത്തിന് പോകുന്നോ അവിടെയെല്ലാം ഗീതയും പോകണം. ഓട്ടോറിക്ഷയില്‍ മറ്റു യാത്രക്കാര്‍ക്കൊപ്പം ഇരിയ്ക്കേണ്ട ഗതികേടിലായി ഗീത. ഒരു വര്‍ഷക്കാലം ഓട്ടോറിക്ഷയില്‍ തടവിലായിരുന്നു ഗീത. ഒടുവില്‍ മനംമടുത്താണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗീത വിലക്കിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല.