ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്പ്ലൈന് നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമ ചോദിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അബദ്ധത്തില്‍ നമ്പര്‍ കടന്നുകൂടിയതാണെന്നാണ് ഗൂഗിള്‍ വിശദീകരിച്ചത്.
അടിയന്തര ഹെല്പ്ലൈന് നമ്പറായ 112 എന്ന നമ്പറിന് പകരം അബദ്ധത്തില്‍ ഈ നമ്പര്‍ വന്നതാണെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫോണുകളില്‍ നിന്ന് ഈ നമ്പര്‍ മാനുവലായി നീക്കം ചെയ്യാവുന്നതേയുള്ളു, ഗൂഗിള്‍ വിശദീകരിച്ചു.
ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്നം കാരണമാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്. ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്റെ സെറ്റ്അപ് സഹായത്തില്‍ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പരിനു പകരം കോഡിംഗിലുണ്ടായ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടുകയായിരുന്നു.
2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 18003001947 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആധാര്‍ സഹായ നമ്പര്‍ സേവ് ചെയ്യണമെന്ന് തങ്ങള്‍ ഒരു ടെലികോം സേവനദാതാക്കളോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് യുഐഡിഎഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആധാര്‍ നമ്പരും മൊബൈല്‍ നമ്പരും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണ് നമ്പര്‍ പ്രത്യക്ഷപ്പെട്ടത്.