ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള പണത്തില്‍നിന്ന് 1.7 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഏജന്‍സി ജീവനക്കാര്‍ പിടിയില്‍. ഡല്‍ഹിയിലെ വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ നല്കിയ പണത്തില്‍നിന്നാണ് യുവാക്കള്‍ തട്ടിപ്പ് നടത്തിയത്. സത്പാല്‍, മനീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇരുവരും ഡല്‍ഹി സ്വദേശികളാണ്.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനുള്ള കരാര്‍ സ്വീകരിക്കുന്ന സിസ് കാഷ് സര്‍വീസസ് കമ്പനിയുടെ ഡല്‍ഹി ബ്രാഞ്ച് തലവന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാങ്കില്‍നിന്നു ലഭിക്കുന്ന പണം കമ്പനി അവരുടെ വോള്‍ട്ടില്‍ സൂക്ഷിക്കുകയും പിന്നീട് വിവിധ എടിഎമ്മുകളില്‍ നിറയ്ക്കുന്നതിനു നല്‍കുകയുമായിരുന്നു പതിവ്.
കഴിഞ്ഞ മാസം 27-ന് എടിഎമ്മുകളില്‍ നിറയ്ക്കുന്നതിനുള്ള 1.84 കോടി രൂപയുമായി ഓഫീസില്‍നിന്നു പോയ മനീഷും സത്പാലും ഈ പണം നിറയ്ക്കാതെ തിരികെകൊണ്ടുവന്നു. പിന്നീട് പണം നിറയ്ക്കുന്നതിന് എന്ന പേരില്‍ 1.84 കോടി രൂപയുമായി പോയെങ്കിലും ഈ പണം പ്രതികള്‍ അപഹരിക്കുകയായിരുന്നു.
നിറയ്ക്കാനായി കൊണ്ടുപോയ പണത്തില്‍ 70 ലക്ഷം രൂപ മാത്രമാണ് ഇവര്‍ എടിഎമ്മുകളില്‍ നിക്ഷേപിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് അറസ്റ്റിലായ മനീഷിനെയും സത്പാലിനെയും റിമാന്‍ഡ് ചെയ്തു. അപഹരിച്ച പണത്തില്‍ 64 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി പണത്തിനായി തെരച്ചില്‍ തുടരുകയാണ്.