ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത് ആയി. പോലീസുകാര്‍ അടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 55 പേര് പോലീസുകാരാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ്എന്‍ ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചൊവ്വാഴ്ച രാത്രി സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ പലഭാഗങ്ങളിലും അക്രമം തുടരുകയാണ്. ഗോകുല്‍പുരിയില്‍ ബുധനാഴ്ച രാവിലെയും അക്രമസംഭവങ്ങള്‍ നടന്നിരുന്നു. ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിന് അക്രമികള്‍ വീണ്ടും തീയിട്ടു. അഗ്നിശമന സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പോലീസിനാവില്ലെന്നും അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും കെജരിവാള്‍ പറഞ്ഞു.