ന്യൂഡല്‍ഹി: ഡല്‍ഹി കത്തുമ്പോള്‍ വിഷയത്തില്‍ ഇടപെടാതെ സുപ്രീംകോടതി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍ അഭിഭാഷകര്‍ പരിഗണിച്ചെങ്കിലും ഷഹീന് ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്ന നിലപാടിലാണ് സുപ്രീംകോടതി.
ജസ്റ്റിസുമാരായ എസ്കെ കൗളും, കെഎം ജോസഫും അംഗങ്ങളായ ബഞ്ചാണ് കേസ് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍, ഹൈക്കോടതി ഇപ്പോള്‍ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാല്‍, തല്ക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടന്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹി കലാപം നിര്‍ഭാഗ്യകരം എന്നും കോടതി പറഞ്ഞു.
അതെസമയം ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. ഇന്നലെ രാത്രി പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ മാര്‍ റാലി നടത്തിയിരുന്നു. അനുയായികളുമൊത്ത് ഗോലി മാരോ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അത് ഫേസ്ബുക്കില്‍ ലൈവായി കാണിക്കുകയും ചെയ്തിരുന്നു. ലക്ഷ്മിനഗര്‍ എംഎല്‍എ അഭയ് വെര്‍മയാണ് പ്രകോപന മുദ്രാവാക്യം വിളിച്ച് റാലി നടത്തിയത്.