ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മറ്റൊരു മുതിര്‍ന്ന നേതാവിനെ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ അടുപ്പക്കാരനായ അഹമ്മദ് പട്ടേലിനെ കുരുക്കാനാണ് ഇക്കുറി ഇഡിയുടെ ശ്രമം.
ഇതിന്റെ ഭാഗമായി പട്ടേലിന്റെ വീട്ടില്‍ 25 ലക്ഷം രൂപ കൈക്കൂലി എത്തിച്ചു നല്‍കിയതിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ ഇഡി ഡല്‍ഹി കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രഞ്ജിത് മാലിക് എന്നയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കുന്പോഴാണ് ഇഡി അഹമ്മദ് പട്ടേലിന്റെ പങ്ക് വെളിപ്പെടുത്തിയത്. 5000 കോടിയുടെ തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോട്ടെക്കുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെയാണ് സിബിഐ മാലിക്കിനെ അറസ്റ്റ് ചെയ്യുന്നത്.
രഞ്ജിത് മാലിക്കിനുവേണ്ടി താന്‍ 25 ലക്ഷം രൂപ അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എത്തിച്ചു നല്‍കിയതായി കാരിയറായ രാകേഷ് ചന്ദ്രയെന്നയാള് മൊഴി നല്‍കിയതായാണ് ഇഡി വാദിക്കുന്നത്. രാജ്യസഭാ എംപികൂടിയായ പട്ടേലിന്റെ ഔദ്യോഗിക വസതിയില്‍ പണം എത്തിച്ചു നല്‍കിയെന്നാണു മൊഴി.
സാക്ഷി മൊഴിക്കു പുറമേ സാമ്പത്തിക ഇടപാടുകളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും തങ്ങളുടെ കൈയിലുണ്ടെന്ന് വാദത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഇഡി കോടതിയെ അറിയിച്ചു.
ഇത് ആദ്യമായല്ല കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി പട്ടേലിനെ ലക്ഷ്യമിടുന്നത്. പട്ടേലിന്റെ മകന് ഫൈസല്‍ പട്ടേലിനും മരുമകനും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. 2011 ജൂണിലാണ് സ്റ്റെര്‍ലിംഗ് ബയോട്ടെക്കില്‍ നികുതി റെയ്ഡുകള്‍ നടക്കുന്നത്.
രാഷ്ട്രീയക്കാര്‍ക്കു കൈക്കൂലി നല്കിയതു രേഖപ്പെടുത്തിയ ഒരു ഡയറി പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. അഹമ്മദ് പട്ടേലിനെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതേവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ, എയര്‍സെല്‍-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ചിദംബരത്തിന്റെ മകന് കാര്‍ത്തി കേസില്‍ അറസ്റ്റിലാകുകയുമുണ്ടായി.