ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പോലീസ് ശ്രമിച്ചിട്ട് കഴിയുന്നില്ല. അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നാണ് കെജരിവാള്‍ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു കെജരിവാള്‍ ആവശ്യവുമായി രംഗത്ത് വന്നത്. 18 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് കെജരിവാളിന്റെ ട്വീറ്റ്.
രാത്രി മുഴുവന്‍ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമാണ്. പോലീസ് ആഞ്ഞു ശ്രമിച്ചിട്ടും സ്ഥിതി നിയന്ത്രണത്തില്‍ ആക്കാനാവുന്നില്ല. എത്രയും പെട്ടെന്ന സൈന്യത്തെ വിളിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും വേണം-കെജരിവാള്‍ പറഞ്ഞു.
ഇക്കാര്യം കത്തിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടും- കെജരിവാള്‍ ട്വീറ്റില്‍ കുറിച്ചു.
കെജരിവാള്‍ കഴിഞ്ഞ ദിവസവും സൈന്യത്തെ ഇറക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് അര്‍ധ സൈനീക വിഭാഗങ്ങള്‍ ഉണ്ട് അവര്‍ മതി എന്ന നിലപാടായിരുന്നു അമിത് ഷായ്ക്ക്. കലാപം നിയന്ത്രിക്കുന്നതില്‍ മെല്ലെപ്പോക്ക് നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരാണ് കൊല്ലപ്പെടുന്നത് എന്നത് കേന്ദ്ര സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്.