ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ഇപ്പോഴും കത്തിയെരിയുകയാണ്. രണ്ട് ദിവസമായി തുടരുന്ന സംഘര്‍ഷം ഇപ്പോള്‍ മറ്റ് മേഖലയിലേയ്ക്കും വ്യാപിക്കുകയാണ്. ഇതിനോടകം 17 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 50 പോലീസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ മാത്രം നാല് പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേര് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരില്‍ വലിയൊരു പങ്കിനും ശരീരത്തില്‍ വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച അര്‍ധരാത്രി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര് അറസ്റ്റിലായിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്തുന്നതിന് മണിക്കൂറുകള്‍ക്കുമാത്രം മുമ്പ്, പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുടങ്ങിയ സംഘര്‍ഷം ചൊവ്വാഴ്ച കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നിരുന്നു. മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ഷത്തില്‍ കുട്ടികളടക്കം നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റു.