ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമകാരികള്‍ അഴിഞ്ഞ് ആടുന്നു. അശോക് നഗറില്‍ പള്ളിക്ക് വീണ്ടും തീകൊളുത്തി. നേരത്തെ ഇവിടെ ഒരു പള്ളിക്ക് തീവെച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിനെത്തി തീയണയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫയര്‍ ഫോഴ്സ് പോയ ശേഷം തിരികെയെത്തിയ അക്രമികള്‍ വീണ്ടും ഇവിടേക്കെത്തി പള്ളിക്ക് തീകൊളുത്തുകയായിരുന്നു. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.
ഡല്‍ഹി പോലീസും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ പരക്കേ ആക്രമണം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വന്‍ തോതിലുള്ള അക്രമങ്ങള്‍ ഉണ്ടായി. അക്രമികള്‍ പലരെയും മര്‍ദിച്ചു. ഒരു മാധ്യമ പ്രവര്ത്തകന് വെടിയേറ്റു.
വാഹനങ്ങള്‍ പോകുന്ന വഴിയില്‍ കൂടി നില്ക്കുന്ന അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നു.
മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആരെയെങ്കിലും കണ്ടാല്‍ അവരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്യുകയാണ്. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാഹനങ്ങള്‍ ഓടിക്കുന്നവരോട് ജയ് ശ്രീറാം വിളിക്കാന്‍ അക്രമി സംഘം ആവശ്യപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ ഇപ്പോഴും കലാപകാരികള്‍ അഴിഞ്ഞാടുകയാണ്. അതെസമയം ഇവിടെ എങ്ങും പോലീസിന്റെയോ കേന്ദ്രസേനയുടെയോ സാന്നിധ്യമില്ല.
അതെസമയം കലാപം നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുകയാണ്. സൈന്യവും ഡല്‍ഹി പോലീസും കൈയിലുണ്ടായിട്ടും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ല. കലാപ കാരികള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് കേന്ദ്രം. ഡല്‍ഹി പോലീസ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടാമെന്ന ശുപാര്‍ശയുള്ളതായി സൂചനകള്‍ പുറത്ത് വന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സൈന്യത്തിന്റെ സഹായം തേടണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സൈന്യത്തെ വിളിക്കേണ്ടതില്ലെന്നും ആവശ്യത്തിന് അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിലപാട്.